കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ്(30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സഹതടവുകാർ തമ്മിൽ അടി നടന്നിരുന്നു.
ഇന്നലെ രാത്രി കട്ടിലിന്റെ പേരിലാണ് അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതെന്ന് മെഡിക്കൽ കോളേജ് എ.സി.പി കെ. സുദർശൻ പറഞ്ഞു. തുടർന്ന് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി. ശേഷം, ഇന്ന് രാവിലെ എട്ടു മണിക്കാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ജനുവരി 28 ന് ആണ് മരിച്ച യുവതി കുതിരവട്ടത്ത് എത്തിയത്. ഭർത്താവ് ഉപേക്ഷിച്ച ഇവർ തലശ്ശേരിയിൽ അലഞ്ഞു നടക്കുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുണ്ട്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.