തൃശ്ശൂര്‍: നാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ചിത്രം വരച്ച് വില്‍പ്പന നടത്തി ജനപ്രതിനിധി. തൃശൂര്‍ എറിയാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെംബറായ ഉണ്ണി പിക്കാസൊയാണ് ചിത്രം വരച്ച് വില്‍പ്പന നടത്തുന്നത്. തന്റെ വാര്‍ഡില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ശുദ്ധജല ക്ഷാമത്തെ നേരിടുന്നതിനായി കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് ധനസമാഹരണത്തിനായാണ് ഉണ്ണി പിക്കാസൊ ചിത്രം വരക്കുന്നത്.
അറിയപ്പെടുന്ന ചിത്രകാരന് കൂടിയാണ് ഉണ്ണി പിക്കാസൊ. രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന നാല്‍പ്പതിലധികം കുടുംബങ്ങള്‍ക്ക് ജലസംഭരണികള്‍ നല്‍കുകയാണ് വാര്‍ഡ് മെമ്പറുടെ ലക്ഷ്യം. താന്‍ വരക്കുന്ന ചിത്രങ്ങള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണമുപയോഗിച്ച് കുടിവെള്ള ടാങ്കുകള്‍ വാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഉണ്ണി പിക്കാസൊ പറഞ്ഞു.
also read: മന്ത്രി എകെ ശശീന്ദ്രന് ഇടപെട്ടു, ബാബുവിനെതിരെ കേസെടുക്കില്ല
ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയാണ് ഇദ്ദേഹം. ഏകദേശം പത്ത് ചിത്രങ്ങള്‍ക്ക് ഇതിനകം ആവശ്യക്കാരായിട്ടുണ്ട്. ക്യാന്‍വാസില്‍ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്. പൊതുപ്രവര്‍ത്തനത്തിനും, തന്റെ ഉപജീവന മാര്ഗ്ഗത്തിനുമിടയില് ഒഴിവു സമയം കണ്ടെത്തിയാണ് ഉണ്ണി പിക്കാസൊ ചിത്രങ്ങള്‍ ഒരുക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം പു.ക.സ സംഘടിപ്പിച്ച ചിത്രരചനാ പദ്ധതിയിലും ഉണ്ണി പിക്കാസൊ പങ്കാളിയായിരുന്നു. ജനപ്രതിനിധിയുടെ നല്ല പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് നാട്ടുകാര്‍.