ചെങ്ങന്നൂര്‍: ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതോടെ അനധികൃതമായി പാടം നികത്തിയതിന് പിടികൂടിയ മണ്ണുമാന്തിയന്ത്രത്തിന് വനിതാ വില്ലേജ് ഓഫിസര്‍ കാവല്‍ നില്‍ക്കേണ്ടി വന്നത് പാതിരാത്രി വരെ. പത്തംതിട്ടയിലാണ് സംഭവം. പുലിയൂര് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിലാണ് നിലം നികത്തല്‍ നടന്നത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. മറ്റൊരു സംഭവത്തില്‍ അന്വേഷണത്തിനെത്തി മടങ്ങിയ വില്ലേജ് ഓഫിസര്‍ ഇതു വഴി എത്തുന്നത് കണ്ട ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. 5.30ന് സംഭവം പൊലീസിനെ അറിയിച്ചെങ്കിലും രാത്രി 8.30നാണ് എത്തിയത്.
തുടര്‍ന്ന് മഹസര്‍ തയാറാക്കി വസ്തു ഉടമയെ യന്ത്രത്തിന്റെ സംരക്ഷണ ചുമതല ഏല്പിച്ചു. എന്നാല്‍ കാവലിന് പൊലീസ് ഇല്ലാതെ വന്നതോടെ ഡപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലത്ത് എത്തിയശേഷമാണ് വില്ലേജ് ഓഫീസര്‍ ആര്.ഐ.സന്ധ്യക്ക് ഓഫിസിലേക്ക് മടങ്ങിയത്.
രാത്രി വൈകി ജില്ലാ കലക്ടര്‍ ഇടപെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. അതേസമയം സ്റ്റേഷനിലെ 9 പൊലീസുകാര്‍ കോവിഡ് ബാധിതരാണെന്നും കാവലിന് പൊലീസിനെ നിയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും സി ഐ ജോസ് മാത്യു പറഞ്ഞു.