തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നില തൃപ്തികരം. മകൻ വിഎ അരുൺ കുമാറാണ് വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അരുൺ അറിയിച്ചു.
അതേസമയം വെള്ളിയാഴ്ച്ച വൈകിട്ടോടെ വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഇരുപതിനാണ് വിഎസിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഎ അരുൺകുമാറിന്റെ കുറിപ്പ്;
അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയിൽ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.