തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധനത്തിന് സംസ്ഥാനം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണമായൊരു അടച്ചിടല്‍ സംസ്ഥാനത്തെ സാരമായി തന്നെ ബാധിക്കും. ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നും കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാം തരംഗം. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്ക് പോയത്.