തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമൈക്രോണും പടരുന്നതായി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ രണ്ടു തരംഗം ഉണ്ടായപ്പോഴും പീക്ക് താമസിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. നിലവില്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നതുവഴി ഉണ്ടായ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
also read: കോവിഡ് വ്യാപനം അതിരൂക്ഷം, കേരളം കര്‍ശന നിയന്ത്രണങ്ങളിലേക്ക്?, തീരുമാനം നാളെ
ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കുറവാണ്. അതിനാല്‍ ഒമൈക്രോണിനെ അവഗണിക്കാം എന്ന് കരുതരുത്. ഒമൈക്രോണ്‍ വന്നുപോകട്ടെ എന്ന് ചിന്തിക്കുന്നതും തെറ്റാണ്. ഒമൈക്രോണ്‍ നാചുറല്‍ വാക്സിനേഷനാണ് എന്ന തരത്തിലെല്ലാം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ഒമൈക്രോണിലും കണ്ടുവരുന്നുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പൊതുവായി കണ്ടുവരുന്നത്. മറ്റു രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനിടെ, മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറപ്പാക്കരുതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒമൈക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.