തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
രണ്ടാഴ്ചത്തേയ്ക്ക് ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് ഒന്‍പതാം ക്ലാസ് വരെ അടച്ചിടാന്‍ തീരുമാനിച്ചത്. 21 മുതലാണ് സ്കൂളുകള്‍ അടച്ചിടുക. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ വാക്സിനേഷന് കേന്ദ്രങ്ങളാക്കി മാറ്റും.
also read: കുതിച്ചുയര്‍ന്ന് രോഗികളുടെ എണ്ണം; കേരളത്തില്‍ ഇന്ന് 16,338 പേര്‍ക്ക് കോവിഡ്
പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. അതേസമയം രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഇപ്പോള്‍ വേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിക്കും.
സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.