തളിപ്പറമ്പ്: അതിദാരുണമായി കൊലചെയ്യപ്പെട്ട ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ മരണം കേരളക്കരയെ വേദനയിലാഴ്ത്തുകയാണ്. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരം പട്ടപ്പറയിലാണ് ധീരജിന്റെ വീട്.
ധീരജിന്റെ മരണവാര്‍ത്തകേട്ട് ഉറ്റവരെയും ബന്ധുക്കളെയും തളര്‍ത്തി. രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് ധീരജിന്റെ കുടുംബം ‘അദ്വെതം’ എന്ന വീട് എടുത്തത്. തിങ്കളാഴ്ചയും പതിവ് പോലെ ആശുപത്രിയില്‍ ജോലിക്ക് പോയതാണ് നഴ്സായ ധീരജിന്റ അമ്മ പുഷ്പകല.
ഉച്ചകഴിഞ്ഞപ്പോള്‍ ഒരുകൂട്ടം സഹപ്രവര്‍ത്തകരെത്തി. ഇടുക്കി പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ മകന് ധീരജിന് അപകടം പറ്റിയെന്നും വീട്ടില്‍ പോകാമെന്നും പറഞ്ഞു. യൂണിഫോം പോലും മാറ്റുന്നതിന് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പുഷ്പകലയെ വീട്ടില്‍ എത്തിച്ചത്.
അദ്വെതം വീട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരും, മാധ്യമങ്ങളും പൊലീസും സ്ഥലത്ത് നിറഞ്ഞത് ശരിക്കും പുഷ്പകലയെ സംശയത്തിലാക്കി. എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ പുഷ്പകല അലറിക്കരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ചേട്ടന് കൊല്ലപ്പെട്ട വിവരം നേരത്തേ അറിഞ്ഞിരുന്ന അനുജന് അദ്വൈത് തീര്‍ത്തും സങ്കടത്തില്‍ മുങ്ങി അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ അദ്വെതിനും രംഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. പുഷ്കലയുടെ നിലവിളി കേട്ടുനില്‍ക്കാനാകാതെ ആളുകള്‍ പിന്മാറി. ധീരജിന്റെ അച്ഛന് രാജേന്ദ്രനും എല്ലാം തകര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയില്‍നിന്ന് ബന്ധുക്കളും വന്നു. അവരാണ് ഒടുവില്‍ കാര്യം പുഷ്പകലയെ അറിയിച്ചത്.