ഒതുക്കുങ്ങല്‍: ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പന്തപ്പിലാന്‍ ഹംസ ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ കാലാവധി കഴിയാറായി ഓട്ടോ തുരുമ്പെടുത്തതോടെ ഹംസ ആശങ്കയിലായിരുന്നു. ഈ ഓട്ടോറിക്ഷ മാറ്റി പുതിയതു വാങ്ങണമെന്നത് ഹംസയുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിച്ചു നല്‍കുകയാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി.
യൂസഫലിയുടെ കാരുണ്യത്തില്‍ ഇനി ഹംസയ്ക്ക് പുതിയ ഓട്ടോ ഓടിക്കാം, ജീവിതം നയിക്കാം. കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദകേന്ദ്രത്തില്‍ ചികിത്സയിലുള്ള പാണക്കാട് ഹൈദരലി തങ്ങളെ സന്ദര്‍ശിക്കാനായി കഴിഞ്ഞദിവസം എം.എ. യൂസഫലി എത്തിയപ്പോഴാണ് ഈ ഭാഗ്യം ഹംസയെ തേടിയെത്തിയത്.
also read: കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടു; യുവാവ് ജീവനൊടുക്കി
വിരുന്നുകാര്‍ക്കു നല്‍കാനുള്ള ഇളനീരുമായി സ്ഥാപനത്തിലേക്കു വന്നതായിരുന്നു ഹംസ. യൂസഫലിയാണു വന്നതെന്നറിഞ്ഞപ്പോള്‍ ഒന്നു കാണാന്‍ റോഡരികില്‍ കാത്തുനിന്നത് വെറുതെയായില്ല. റോഡില്‍നിന്ന് കൈവീശി സലാം പറഞ്ഞതോടെ അദ്ദേഹം വാഹനം നിര്‍ത്തുകയും ഹംസ തന്റെ പ്രയാസങ്ങള്‍ പറയുകയുംചെയ്തു.
27 വര്‍ഷമായി ഓട്ടോ തൊഴിലാളിയായ തനിക്ക് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും 17 വര്‍ഷം പഴക്കമുള്ള ഈ ഓട്ടോ മാറ്റി വേറെ വാങ്ങണമെന്നും ഇതിനു സഹായിക്കാമോയെന്നും ചോദിച്ചപ്പോള്‍ എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ മാനേജര്‍ ഇറങ്ങിവന്ന് ഫോണ്‍ നമ്പര്‍ വാങ്ങി മടങ്ങി.
പ്രതീക്ഷ കൈവിടാതെയിരിക്കുന്ന സമയത്താണ് വൈകീട്ട് യൂസഫലിയുടെ ഓഫീസില്‍നിന്നു വിളിച്ച് പുതിയ ഓട്ടോ ലഭിക്കുമെന്ന കാര്യം അറിയിച്ചത്. കഷ്ടകാലത്ത് ദൈവത്തെപ്പോലെയെത്തിയ യൂസഫലിയോട് നന്ദി പറയാന്‍ ഹംസയ്ക്കും കുടുംബത്തിനും വാക്കുകളില്ല.