തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റില്നിന്ന് മദ്യം വാങ്ങി തന്റെ താമസ സ്ഥലത്തേക്ക് തിരിച്ച വിദേശ വിനോദ സഞ്ചാരിയെ ബില്ല് ചോദിച്ച് അവഹേളിച്ച് കേരളാ പോലീസ്. കോവളത്താണ് സംഭവം. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കര്‍ക്കശ നിലപാട് എടുത്തു.
ഇതോടെ ബില്ല് കൈയ്യിലില്ലാതിരുന്ന വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. കൂടാതെ പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ കൈയ്യില്‍ തന്നെ സൂക്ഷിച്ച് അദ്ദേഹം മാതൃക തീര്‍ക്കുകയും ചെയ്തു. സ്റ്റീവ് എന്ന വിദേശിക്കാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ മോശം അനുഭവം ഉണ്ടായത്.
കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റീവ് പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്കോ ഔട്ട്ലെറ്റില്നിന്ന് മദ്യം വാങ്ങിയത്. തിരിച്ചു വരുന്നതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിച്ചു.
ബാഗില്‍ ബെവ്കോ ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റീവ് കയ്യില്‍ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് പറഞ്ഞതോടെ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പോലീസ് തറപ്പിച്ചു പറഞ്ഞു.
പോലീസ് കര്‍ശന നിലപാട് എടുത്തതോടെ അതില്‍ ഒരു കുപ്പി മദ്യം സ്റ്റീവ് റോഡരികില്‍ ഒഴിച്ചു കളയുകയായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന ചില ചെറുപ്പക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് മദ്യം കളയേണ്ടതില്ലെന്നും ബില്ല് ഹാജരാക്കിയാല്‍ മതിയെന്നും പറഞ്ഞു.
ഒടുവില്‍ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുത്തതിന് ശേഷമാണ് മടങ്ങിയത്.