കോട്ടയം: അവധിക്കെത്തിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്ന അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. കൂത്താട്ടുകുളം ശ്രീനിലയത്തില്‍ എം കെ മുരളീധരനാണു (61) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30ന് കോട്ടയം കുര്യന് ഉതുപ്പ് റോഡിലായിരുന്നു അപകടം. തിരുവനന്തപുരത്തു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായ മകളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ആണ് മുരളീധരന് എത്തിയത്.
ഭാര്യയേയും മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചു. ശേഷം ഭാര്യയെയും മകളെയും റോഡരികില്‍ നിര്‍ത്തി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 23നു മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ മരണം. കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.