കൊല്ലം: വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുണ്ടറ പേരയത്താണ് നടുക്കുന്ന സംഭവം. പേരയം സ്വദേശി രാധികയെ കൊലപ്പെടുത്തിയ കേസില്‍ ലാല്‍കുമാറാണ് അറസ്റ്റിലായത്.
രാധികയോടൊപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍കുമാറും താമസിച്ചിരുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ 52 കാരിയായ രാധിക അടുത്തിടെ മുളവന സ്വദേശിയായ 30 വയസ്സുകാരനുമായി അടുപ്പത്തിലായിരുന്നു. ഇതിനെച്ചൊല്ലിയുളള കലഹമാണ് ലാല്‍കുമാറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
രാധികയും യുവാവും തമ്മിലുളള ബന്ധം രാധികയുടെ സഹോദരി ഷീബ ചോദ്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവാവ് ഷീബയെ ആക്രമിക്കുകയും കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തു. തുടര്‍ന്ന് തന്റെ പേരിലുളള വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് രാധിക സഹോദരിയോടും ലാല്കുമാറിനോടും ആവശ്യപ്പെട്ടു.
ഈ വിരോധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി ലാല്‍കുമാര്‍ കഴുത്തില്‍ ഷാള്‍ മുറുക്കി രാധികയെ കൊലപ്പെടുത്തി. പിടിയിലായ ലാല്‍കുമാറിനെ മുളവനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.