ആലപ്പുഴ: ഇന്നും നാളെയും ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് നടപടി. ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി എസ്ഡിപിഐ നേതാവ് കെഎസ് ഷാനും ഇന്ന് രാവിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലചെയ്യപ്പെടുന്നത്.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറില്‍ എത്തിയ സംഘം പിന്നില്‍ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ക്കകമാണ് ബിജെപി നേതാവിനെ വെട്ടിക്കൊന്നത്.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് മരിച്ച രഞ്ജിത്ത് ശ്രീനിവാസന്. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.