കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. പന്തളം മങ്ങാരം മദീനയില്‍ എ.എം. ഹാരിസ് (51)ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പാലാ പ്രവിത്താനത്തെ ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന് നോണ്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
ജോബിന് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. നേരത്തേ വിജിലന്‍സില്‍ വിവരം നല്കിയതിനുശേഷം സ്ഥാപന ഉടമ ജോബിന് സെബാസ്റ്റ്യന്‍ പണം കൈമാറുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്നു വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടുകയായിരുന്നു.
ശബ്ദമലിനീകരണമുണ്ടെന്ന് കാട്ടി ജോബിന് സെബാസ്റ്റ്യന്റെ സ്ഥാപനത്തിനെതിരെ അയല്‍വാസി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. റീട്രേഡിങ്ങിനുള്ള മെഷിനറികളുടെ ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. ഇതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് തടഞ്ഞു.
also read: പിടികൂടിയത് അതിമാരക മയക്കുമരുന്ന്, പ്രമുഖ സിനിമാസീരിയല്‍ അഭിനേതാവ് അറസ്റ്റില്‍
പിന്നാലെ പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജോബിന് ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാല്‍, അനുകൂലനിലപാടുണ്ടായില്ല. ഇതോടെ ഇയാള്‍ ഹൈകോടതിയെ സമീപിക്കുകയും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുത്തില്ല. വീണ്ടും ഹാരിസിനെ കണ്ടപ്പോള്‍ 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചതായും ഇതോടെ വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്കുകയുമായിരുന്നുെവന്ന് ജോബിന് സെബാസ്റ്റ്യന്‍ പറയുന്നു.
വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ബുധനാഴ്ച രാവിലെ 11ന് ഓഫിസിലെത്തി ജോബിന് കൈമാറി. ഇതിനിടെയാണ് വിജിലന്‍സ് സംഘം ഹാരിസിനെ പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.