വൈത്തിരി: അതിമാരക മയക്കുമരുന്നുമായി സിനിമാസീരിയല്‍ അഭിനേതാവ് അറസ്റ്റില്‍. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്സണി (44) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് പിടികൂടിയത്. ഇയാളുടെ കൈവയില്നിന്ന് 0.140ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഓര്മ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍.
40000 രൂപയോളം വില വരുന്നതാണിത്. രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.