തിരുവനന്തപുരം: തിരുവനന്തപുരത്ത് പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചികില്‍സയില്‍ കഴിയുകയായിരുന്ന മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ചായ ഉണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന് ഫ്രിഡ്ജ് തുറന്ന സമയം തീ ആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read:‘അതീവ ജാഗ്രത വേണം’; കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളോട് കേന്ദ്രം
അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം സംഭവിച്ചത്.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാവരും ജാഗ്രതയോടെ വേണം ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.