വാളയാര്‍: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് എ പ്രദീപിന്റെ മൃതദേഹം തൃശൂരിലെ വീട്ടിലേക്ക്. ഊട്ടി സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡുമാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്.
ഭൗതികദേഹം വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്, കെ രാജന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഇവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പ്രദീപിന്റെ ഭൗതികദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് തിരിച്ചു.
രാവിലെ ഡല്‍ഹിയില്‍ നിന്നാണ് പ്രദീപിന്റെ മൃതദേഹം വിമാനമാര്‍ഗം സുലൂര്‍ വ്യോമകേന്ദ്രത്തിലെത്തിച്ചത്. ഭൗതികദേഹത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന് അനുഗമിച്ചു. നാട്ടിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂരിലെ സ്കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും.
സംസ്കാരത്തിന് 2 മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും. വൈകീട്ട് വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി കേന്ദ്രമന്ത്രി മുരളീധരന് സംസ്കാര ചടങ്ങില്‍ സംബന്ധിക്കും.