കൊച്ചി: ഈ വര്‍ഷത്തെ ഓണം ബംപര്‍ ഭാഗ്യശാലിയെ തേടി അജ്ഞാതന്റെ ഭീഷണി കത്ത്. കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനെ തേടിയാണ് ഭീഷണിക്കത്ത് എത്തിയത്. പണം തന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു കത്തില്‍ പറയുന്നത്.
ഒരു മാസത്തിനിടെ രണ്ട് ഭീഷണി കത്തുകളാണ് ജയപാലനെ തേടിയെത്തിയത്. ജയപാലന്റെ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവോണം ബമ്പറിന്റെ രൂപത്തില്‍ ഭാഗ്യം കനിഞ്ഞപ്പോഴും ആഡംബരങ്ങള്‍ക്ക് പിറകെ പോകാതെ സ്വസ്ഥവും സമാധാവുമായി ജീവിച്ചു വരികയായിരുന്നു ജയപാലനും കുടുംബവും.
Also Read: അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് ബസ് ഇടിച്ചു കയറി, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് പരിക്ക്
ഇതിനിടെയാണ് സ്വസ്ഥതകെടുത്തിയുള്ള ഭീഷണി കത്ത്. നവംബര്‍ 9നാണ് ആദ്യ കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ കത്തില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ അജ്ഞാതന്റെ തന്നെ രണ്ടാമത്തെ ഭീഷണി കത്തും ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഒരു കുടുംബത്തിന് ലക്ഷങ്ങള്‍ സാമ്പത്തിക സഹായം ചെയ്തില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സന്ദേശം. പക്ഷേ ആ കുടുംബത്തിന്റെ വിശദാംശങ്ങളൊന്നും സൂചിപ്പിച്ചിട്ടുമില്ല. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ജയപാലന്റേയും കുടുംബത്തിന്റേയും തീരുമാനം.
കത്തില്‍ കുറിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവര്‍ക്ക് ഇതേകുറിച്ച് ഒന്നും അറിയില്ലെന്നാണ് പൊലീസുകാര്‍ ജയപാലനെ അറിയിച്ചത്.