സങ്കടം പറയാനത്തിയ സ്ത്രീയ്ക്ക് സഹായമേകി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി. ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ വന്നപ്പോഴാണ് തന്റെ വീട് ബാങ്ക് ജപ്തി ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് ആമിന എന്ന സ്ത്രീ യൂസഫലിയുടെ അടുത്തെത്തിയത്. താന്‍ വേണ്ടത് ചെയ്യാമെന്ന് സ്ത്രീക്ക് ഉറപ്പു നല്‍കിയാണ് യൂസഫലി അവിടെ നിന്നും മടങ്ങിയത്.
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തോട് പനങ്ങാട് എത്തിയതായിരുന്നു എംഎ യൂസഫലി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എവി ബിജിയുമാണ്.
Also Reada: പൊള്ളലേറ്റു മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. രക്ഷിച്ചവരെ കണ്ട് മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാന്‍ നോക്കവെയാണ് ആമിനയെത്തിയത്. ഒരു തുണ്ട് കടലാസായിരുന്നു കൈയ്യില്‍. ഇത് യൂസഫലിക്ക് നല്കി. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യര്‍ത്ഥന.
അപ്പോള്‍ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് അടയ്ക്കാനുള്ളത് എന്ന് ചോദിച്ചു. മറുപടി കേട്ട ശേഷം ‘ജപ്തി ചെയ്യൂലട്ടോ ഞാന്‍ വേണ്ടത് ചെയ്യാം ട്ടാ’ എന്ന് യൂസഫലി ഉറപ്പ് നല്കി. ആമിന നല്കിയ കടലാസ് യൂസഫലി തന്റെ സഹായികളുടെ കൈയ്യില്‍ കൊടുത്തു.
‘ഈ ബാങ്കില്‍ പോവുക, അന്വേഷിക്കുക, ജപ്തി പാടില്ല. കാശുകൊടുക്കുക, ഡോക്യുമെന്റ് എടുത്ത് ഇവരുടെ കൈയ്യില്‍ കൊടുത്ത് എന്നെ അറിയിക്കുക,’ യൂസഫലി സഹായികളോട് പറഞ്ഞു. നാളെ തന്നെ ഇക്കാര്യം ചെയ്യണമെന്ന് കാറില്‍ കയറിയ ശേഷം യൂസഫലി സഹായികളോട് ആവശ്യപ്പെടുകയും ചെയ്തു. നിറകണ്ണുകളോടെ കൈകൂപ്പിയാണ് ആമിന യൂസഫലിയെ യാത്രയാക്കിയത്.