കൊച്ചി: കേരളത്തെ ഞെട്ടിച്ച കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന് വടക്കുംചേരിക്കു ശിക്ഷയില്‍ ഇളവു നല്കി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച ഇരുപതു വര്‍ഷം ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത്. റോബിന് ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും, റോബിന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു.
കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ആയിരുന്ന റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന് മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.
റോബിന് എതിരായ പോക്സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്നു ഹൈക്കോടതി കണ്ടെത്തി. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്. ചൈല്‍ഡ് ലൈന്‍ ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു.
ഇതിന് പിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി. 2017 ഫെബ്രുവരിയില്‍ റോബിന് വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര് കേസില്‍ അറസ്റ്റിലായി.