കൊച്ചി: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജിലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കോമറിന് ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായാണ് ചക്രവാത ചുഴി നിലനില്‍ക്കുന്നത്.
നാളെ ഇത് അറബിക്കടലില്‍ പ്രവേശിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതിനാല്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.