ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും ദരിദ്രരുള്ള ജില്ല ഉത്തര്‍പ്രദേശില്‍. നിതി ആയോഗ് പുറത്തുവിട്ട ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ പറയുന്നത് ഉത്തര്‍പ്രദേശിലെ ശ്രീവസ്തിയാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ജില്ല. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമാണ്.
കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ദരിദ്ര സംസ്ഥാനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലായിട്ടുണ്ട്. നിതി ആയോഗ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദരിദ്രരാണ്.
ജാര്‍ഖണ്ഡില്‍ ജനസംഖ്യയുടെ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവും ദരിദ്രരാണ്. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് പട്ടികയില്‍ പറയുന്നു. ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് കേരളത്തില്‍ ദരിദ്രരായിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ ദരിദ്രരില്ലാത്ത ഏക ജില്ലയും കോട്ടയമാണ്. ഗോവ (3.76%), തമിഴ്നാട് (4.89%), പഞ്ചാബ് (5.59%) എന്നിവയാണ് ദാരിദ്ര്യം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങള്‍.
ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശിശുമരണ നിരക്കില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനവും കേരളമാണ്. യുപിയിലെ ശിശു മരണനിരക്ക് 4.97% ശതമാനമാണ്. കേരളത്തിലേത് -0.19% ശതമാനവും. പോഷകാഹാര പ്രശ്നം നേരിടുന്ന സംസ്ഥാനങ്ങളിലും കേരളം പിന്നിലാണ്. ജനസംഖ്യയുടെ 15.29 ശതമാനമാണ് കേരളത്തിന്റെ നിരക്ക്. ബിഹാറില്‍ ഇത് ജനസംഖ്യയുടെ പകുതിയിലധികമാണ് (51.88%). തൊട്ടുപിന്നിലായ ജാര്‍ഖണ്ഡ്-47.99%.
സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്ന സംസ്ഥാനങ്ങളിലും കേരളമാണ് മുന്നിലുള്ളത്. കേരളത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ പ്രശ്നങ്ങളുള്ളത് 0.54 ശതമാനമാണ്. ഹിമാചല്‍ പ്രദേശില്‍ 0.89 ശതമാനം. ഏറ്റവും കൂടുതല്‍ ബിഹാറിലാണ് (12.57%), യുപി-11.9%.