കോട്ടയം: കാമുകനെ തേടി റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പോലീസിനെ വലച്ചത് മണിക്കൂറുകളോളം. കോട്ടയത്താണ് സംഭവം. കാമുകന് ഫോണ്‍ എടുക്കാതെ വന്നതോടെ റെയില്‍വേ പൊലീസിന്റെ മുറിയിലേക്ക് ഓടിക്കയറിയ യുവതി കതകടച്ചിരുന്നത് ഒരു ദിവസം.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് യുവതി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഏറെ നേരം വിളിച്ചിട്ടും കാമുകന് ഫോണ്‍ എടുക്കാതെ വന്നതോടെ പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു.
പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങാനും വീട്ടുകാരെ ബന്ധപ്പെടാനായിട്ട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി റെയില്‍വേ പൊലീസിന്റെ മുറിയിലേക്ക് ഓടിക്കയറി കതകടച്ചു. പൊലീസ് നിരന്തരം ശ്രമിച്ചിട്ടും യുവതി പുറത്തിറങ്ങിയില്ല.
ഇതിനിടെ മറ്റൊരു സംഘം ജനലിലൂടെ ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിലിന്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. ഇതോടെ രാവിലെ എട്ടുമണി വരെ തുടര്‍ന്ന നാടകീയതയ്ക്ക് അവസാനമായി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.