കൊച്ചി: ചായക്കട നടത്തി ലോകം ചുറ്റിയ 76കാരന് അന്തരിച്ചു. കൊച്ചി കടവന്ത്ര സ്വദേശി വിജയന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ചായക്കട നടത്തിക്കിട്ടിയ വരുമാനം കൊണ്ട് 16 വര്‍ഷത്തിനുള്ളില്‍ ഭാര്യയ്ക്കൊപ്പം വിജയന് 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.
2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.
ഇതുവരെ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന് ഇരുവരും പറയുമായിരുന്നു. ചെറിയ ചായക്കടയുടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും.
തങ്ങള്‍ക്കു ഇനിയും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും ഡെന്മാര്ക്കും നോര്‍വേയും ഹോളണ്ടും ഗ്രീന്‍ലാന്‍ഡുമാണെന്ന സ്വപ്നം പങ്കിടും. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്.