തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന് മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്ടിച്ച 23കാരന് പോലീസിന്റെ പിടിയില്‍. കൊല്ലം മാമുട്ടിക്കടവ് സ്വദേശിയായ രാഹുലിനെയാണ് പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസി സ്റ്റോറിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് യുവാവ് മോഷണം നടത്തിയത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മരുന്നിന്റെ 140 ആംപ്യൂളുകളാണ് രാഹുല്‍ മോഷ്ടിച്ചത്.
ഗുരുതര രോഗം ബാധിച്ചവര്‍ക്കു കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ടവയാണ് മോഷ്ടിച്ച മരുന്നുകള്‍. രാവിലെ ഫാര്‍മസിയില്‍ എത്തിയ ജീവനക്കാരാണ് ആംപ്യൂളുകള്‍ മോഷണം പോയ വിവരം അറിഞ്ഞത്. സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ പിടിയിലായത്. മെഡിക്കല്‍ കോളജ് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.