തവനൂര്‍: യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്തൃമാതാവിനെയും അവരുടെ മകളുടെ മകളെയും പോലീസ് അറസ്റ്റുചെയ്തു. തവനൂര്‍ അയങ്കലം വടക്കത്തുവളപ്പില്‍ ഫാത്തിമ്മ (50), ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്.
ഫാത്തിമ്മയുടെ മകന് ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിന് (19), എട്ടുമാസം പ്രായമായ മകള്‍ ഫാത്തിമ സഹറ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയിലാണ് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒന്നരവര്‍ഷം മുന്‍പാണ് ബസ്ബസത്തിന്റെയും സുഹൈല നസ്റിന്റെയും വിവാഹം നടന്നത്. ബസ്ബസത്ത് വിദേശത്താണ്. ഭര്‍ത്തൃമാതാവും പേരക്കുട്ടി സഹലയും പതിവായി നസ്റിനുമായി വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തിങ്കളാഴ്ചയും വഴക്കുണ്ടായി. സ്ത്രീധനത്തെച്ചൊല്ലിയും ഭര്‍ത്തൃമാതാവ് ശകാരിച്ചു. മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നസ്റിന്റെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഗാര്‍ഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.