പത്തനംതിട്ട: റെയില്‍വേ ഗേറ്റിന് സമീപം കാര്‍ നിര്‍ത്തിയിട്ട് യുവാവ് ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് സ്വദേശി ഹരികൃഷ്ണനാ(37)ണ് മരിച്ചത്. ചുറ്റിലും ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
മുട്ടമ്പലത്ത് വച്ചായിരുന്നു അപകടം. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് കടന്നു പോകുന്നതിനായി റെയില്‍വേ ഗേറ്റ് അടച്ചിട്ടിരുന്നു. ഈ ഭാഗത്ത് പാതയിരട്ടിപ്പിക്കല്‍ നടക്കുന്നുണ്ട്. ട്രെയിനുകള്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്. ഇവിടെ കാര്‍ നിര്‍ത്തിയ ഹരികൃഷ്ണന് മാറിനിന്നു ഫോണ്‍ ചെയ്യുന്നത് പലരും കണ്ടിരുന്നു.
എന്നാല്‍ അവസാന 2 കംപാര്‍ട്മെന്റുകള്‍ കൂടി പോകാനുള്ളപ്പോള്‍ ഇയാള്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ അയര്‍ക്കുന്നത്ത് ബാങ്കില്‍ എത്തിക്കണമെന്ന് അവിടെനിന്നവരോട് ഹരികൃഷ്ണന് പറഞ്ഞിരുന്നു. ഈ ബാങ്കിലാണ് ഭാര്യ ജോലി ചെയ്യുന്നത്.
ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ട്രെയിന്‍ പോകുന്നത് വരെ ഫോണ്‍ ചെയ്യുകയാണെന്നാണ് പരിസരത്ത് നിന്നവര്‍ കരുതിയത്. കോടിമതയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജനറല്‍ മാനേജരായിരുന്നു ഹരികൃഷ്ണന്.