കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഉദയന്‍കുളങ്ങര സ്വദേശി തങ്കരാജ്(72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയാണ് അപകടം നടന്നത്.
ലോറിയില്‍ നിന്ന് തങ്കരാജ് പുറത്തിറങ്ങവേ, ഏകദേശം നാലടിയോളം ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. എറെ പണിപ്പെട്ടാണ് തങ്കരാജിനെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കളമശ്ശേരിയില്‍ നിന്ന് കണ്ടെയ്നര്‍ റോഡിലേയ്ക്ക് തിരിയുന്നിടത്ത് ധാരാളം ലോറികള്‍ ഓട്ടം കാത്തും വിശ്രമത്തിനായും നിര്‍ത്തിയിടാറുണ്ട്. ഇതരസംസ്ഥാനത്തുനിന്നുള്ളത് അടക്കം നിരവധി ലോറികളാണ് ഇവിടെ ഇത്തരത്തില്‍ കിടക്കാറുള്ളത്. ഈ ഭാഗത്താണ് മണ്ണിടിഞ്ഞു വീണത്.