നരിക്കുനി: ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസ്സുകാരന് മരിച്ച സംഭവം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യെമിനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.
സമാന ലക്ഷണങ്ങളോടെ 11 കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇവരുടെ നില തൃപ്തികരമാണ്. വിവാഹത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ക
ടുത്ത ഛര്‍ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടാണ് മുഹമ്മദ് യെമിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. രാത്രിയോടെ ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച് ആരോഗ്യനില വഷളായതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് മരിക്കുന്നത്.
ഭക്ഷ്യവിഷബാധയാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘവും ഭക്ഷ്യസുരക്ഷാ വിഭാഗവും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന കുഞ്ഞിന്റെ പിതാവ് രാത്രിയോടെ നാട്ടിലെത്തി. മാതാവ്: സന. സഹോദരി: ഇസ ഫാത്തിമ. കബറടക്കം നടത്തി.
ഇതേ ഭക്ഷണം കഴിച്ച മുതിര്‍ന്ന ആളുകള്‍ക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അസ്വസ്ഥത അനുഭവപ്പെട്ടവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.