പത്തനംതിട്ട: ഭാര്യയുടെ സ്വര്‍ണ്ണവും പണവും അടിച്ചുമാറ്റി കടന്നയാള്‍ അറസ്റ്റില്‍. റാന്നി പുതുശേരിമല ഫിറോസ് നിവാസില്‍ റഹീം (65) ആണ് അറസ്റ്റിലായത്. അലമാര വെട്ടിപ്പൊളിച്ചാണ് ഇയാള്‍ സ്വര്‍ണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയത്ത് മുറി കുത്തിത്തുറന്ന് റഹീം അകത്ത് കയറി അലമാര വെട്ടിപ്പൊളിച്ച് 10 പവന് സ്വര്‍ണവും പണവും എടുക്കുകയായിരുന്നു.
മോഷണ വിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന സൂചന ലഭിച്ചത്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹീമിന്റെ യാത്ര. മുമ്പും വീട്ടില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ സ്വര്‍ണം പണയം വെച്ചും വിറ്റും കിട്ടുന്ന പണവുമായി ലോഡ്ജുകളില്‍ താമസിച്ച് മദ്യപിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പിന്നീട് പണം തീരുമ്പോള്‍ വീട്ടിലെത്തും. തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണം പകുതി വിറ്റതായും ബാക്കി പലയിടങ്ങളില്‍ പണയപ്പെടുത്തിയതായും കണ്ടെത്തി. 50,000 രൂപ ചെലവഴിച്ചിരുന്നു. ഒരു ലക്ഷം രൂപ കൈവശം ഉണ്ടായിരുന്നു.