നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം രേഖപ്പെടുത്തി ബന്ധുക്കളും നാട്ടുകാരും. കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. ബന്ധുക്കളും നാട്ടുകാരും ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് മൃതദേഹവുമായി സമരത്തിനിറങ്ങിയത്. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
ഇനി ഒരു രക്തസാക്ഷി കൂടി ഉണ്ടാവരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാന്‍ നടപടി വേണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടയ്ക്ക് റബ്ബര്‍ തോട്ടങ്ങളിലും മറ്റും പുലിയുടെ സാന്നിധ്യം കാണപ്പെട്ടിരുന്നു.