കോഴിക്കോട്: ഭിന്നശേഷിയുള്ള 52കാരിയെയും സഹോദരന്റെ ഏഴ് വയസുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ഒളിവിലായിരുന്ന തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദ് (46) ആണ് പിടിയിലായത്.
ഇയാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവ ശേഷം സ്കൂട്ടറില്‍ രക്ഷപ്പെട്ട മുഹമ്മദ് ചെന്നൈയിലേക്കാണ് കടന്നതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയില്‍ നിന്ന് തിരിച്ച് കോഴിക്കോട് എത്തിയ സമയത്ത് പുലര്‍ച്ചെ രണ്ടര മണിക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് പീഡനം നടന്നത്. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ മുഹമ്മദ് ഏഴ് വയസുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് പരാതി.
കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവ സ്ഥലത്തു നിന്ന് ജൂപ്പിറ്റര്‍ സ്കൂട്ടിയില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയും താമരശേരി മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു. പിന്നാലെയാണ് നാല് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയത്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.