മലപ്പുറം: മലപ്പുറം ജില്ലയുടെ സഞ്ചാരകുരുക്കിന് പരിഹാരം കാണാനായി നിർമ്മിക്കുന്ന എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഏറെ നാളുകളായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്.
മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കാത്തിരിപ്പിനും കുരുക്കിനും പരിഹാരം,
എടപ്പാൾ മേൽപാലം നവംമ്പർ 26 ന് നാടിന് സമർപ്പിക്കും.
എടപ്പാൾ നഗരത്തിന് കുറുകെ ഒരു പാലം എന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. ജനങ്ങളുടെ കാത്തിരിപ്പിനും കുരുക്കിനും പരിഹാരമായി വിഭാവന ചെയ്ത തൃശ്ശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാൾ മേൽപാലം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപെ തന്നെ എടപ്പാൾ മേൽപാലത്തിൻറെ പ്രവൃത്തി ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിൻറെ ചുമതലയേറ്റ ശേഷം മെയ് മാസം 30 ന് എടപ്പാൾ മേൽപാലം സന്ദർശിച്ചു. വർഷങ്ങളായി നിർമ്മാണം നടക്കുന്ന പാലത്തിൻറെ പ്രവൃത്തി ഒട്ടും വേഗതയില്ലാതെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ 2022 ഏപ്രിൽ മാസത്തിൽ മാത്രമേ പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകു എന്നാണ് പറഞ്ഞത്. തുടർന്ന് പാലം നിർമ്മാണം സംബന്ധിച്ച സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയ ശേഷം തിരുവനന്തപുരത്ത് യോഗം ചേർന്നു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി ഇനിയും അതുപോലെ തുടർന്നുപോകാനാകില്ലെന്ന് യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ബാക്കിയുള്ള ഓരോ പ്രവൃത്തിയും ലിസ്റ്റ് ചെയ്ത ശേഷം ആ പ്രവൃത്തികൾക്കെല്ലാം കൃത്യമായ സമയക്രമം നിശ്ചയിച്ചിരുന്നു. 2021 ഒക്ടോബറിൽ തന്നെ പാലം പ്രവൃത്തി പൂർത്തീകരിക്കണമെന്നും തീരുമാനം കൈക്കൊണ്ടു.
പാലം പ്രവൃത്തിയുടെ ഓരോ ദിവസത്തെയും പുരോഗതി മന്ത്രി ഓഫീസിൽ നിന്നും വിലയിരുത്തി. ഓരോ ആഴ്ചയിലും പുരോഗതി സംബന്ധിച്ച റിപ്പോർട്ട് കൃത്യമായി പരിശോധിച്ചു. 75 ദിവസത്തെ നിർമ്മാണ കലണ്ടറാണ് മെയ് 30 ൻറെ സന്ദർശനശേഷം നിശ്ചയിച്ചത്. 75 ദിവസങ്ങൾ പൂർത്തിയായ ഓഗസ്ത് 15 ന് വീണ്ടും എടപ്പാളിലെത്തി. പാലം പുരോഗതി പരിശോധിച്ചു. നിശ്ചയിച്ച കലണ്ടർ പ്രകാരം പ്രവൃത്തി മുന്നോട്ടുപോയിട്ടുണ്ടായിരുന്നു. സമയബന്ധിതമായി പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിച്ചു. ഒക്ടോബറിൽ തന്നെ ഉദ്ഘാടനം നടത്താൻ സാധിക്കുന്ന വിധത്തിൽ ഒരു നിർമ്മാണ കലണ്ടറാണ് രണ്ടാംഘട്ടമായി തയ്യാറാക്കിയത്. അതനുസരിച്ച് പ്രവൃത്തികൾ വേഗത്തിൽ നടപ്പിലായിട്ടുണ്ട്. ഈ പ്രവർത്തനങ്ങളോടൊപ്പം എല്ലാ സഹായങ്ങൾക്കും എംഎൽഎ ഡോ. കെ ടി ജലീലും കൂടെയുണ്ടായിരുന്നു.
പാലത്തിനിരുവശത്തെയും കൈവരികളുടെ നിർമ്മാണം, പെയിൻറിംഗ്, ലൈറ്റുകൾ, മറ്റ് ഇലക്ട്രിക്ക് ജോലികൾ എന്നിവ പൂർത്തീകരിച്ചു. പാലത്തിനോടു ചേർന്നുള്ള ജംഗ്ഷൻറെ സൗന്ദര്യവൽക്കരണവും ഗതാഗതത്തിന് തടസ്സമായ കെട്ടിടങ്ങളുടെ മുൻവശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്. കനത്ത മഴ കാരണം പാലത്തിൻറെ ടാറിംഗ് പ്രവൃത്തി നടത്താൻ സാധിച്ചിരുന്നില്ല. ടാറിംഗ് പ്രവൃത്തി ഉൾപ്പെടെ പൂർത്തീകരിച്ച് നവംമ്പർ 26 ന് ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.