ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഷോപ്പിംഗ് ചെയ്ത പലര്‍ക്കും പണി കിട്ടിയ വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രവാസി മലയാളികള്‍ക്ക്. ഓണത്തിനും വിഷുവിനും മറ്റും നാട്ടിലുളളവര്‍ക്ക് കേരളീയ വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത നൂറുകണക്കിന് പ്രവാസി മലയാളികള്‍ വെട്ടിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പാലക്കാട് കേന്ദ്രമാക്കിയുള്ള മലബാര്‍ ഷോപ്പിംഗ് എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റാണ് മൂന്ന് വര്‍ഷത്തിലേറെയായി നാട്ടുകാരെ പറ്റിക്കുന്നത്. ഈ അടുത്ത് വെബ്സൈറ്റും പൂട്ടി തട്ടിപ്പ് സംഘം മുങ്ങി. നിരവധി പ്രവാസി മലയാളികളാണ് തട്ടിപ്പിനിരയായത്. പേര് മലബാര്‍ ഷോപ്പിംഗ്. കസവ് സാരി, സെറ്റ്മുണ്ട് കേരളത്തനിമ നിറഞ്ഞ് നില്ക്കുന്ന ഫോട്ടോകള്‍ കണ്ടതോടെ മലയാളി കൂട്ടത്തോടെ ഓര്‍ഡര്‍ കൊടുത്തു. ഓണത്തിന് മുമ്പ് ബുക്ക് ചെയ്ത് ഓണം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതായതോടെ വെബ്സൈറ്റില്‍ കൊടുത്ത നമ്പറില്‍ വിളിച്ചു.
അനക്കമില്ല. ഒന്നിന് പിറകെ ഒന്നായി ഈ മെയിലുകളയച്ചു. പ്രതികരണമില്ല. അങ്ങനെയാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന പ്രശോഭ് പൊലീസില്‍ പരാതി കൊടുക്കുന്നത്. കേസാകുമെന്ന് കണ്ടതോടെ സൈറ്റ് പ്രശോഭിന് വസ്ത്രങ്ങളയച്ചു നല്കി. പ്രശോഭിന് കിട്ടിയ ഹരി എന്നയാളുടെ നമ്പറിലേക്ക് കാസര്‍കോട് സ്വദേശിയായ ഇപ്പോള്‍ നെതര്‍ലന്‍ഡ്സില്‍ താമസിക്കുന്ന പ്രദീപ് വിളിച്ചു.
പ്രദീപിനും അയച്ചുകൊടുത്തു. പക്ഷേ ലിഭിച്ച വസ്ത്രങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന് ഇവര്‍ പറയുന്നു. ഹരിയുടെ നമ്പറില്‍ മുംബൈയില്‍ താമസിക്കുന്ന വിനീതയും വിളിച്ചു. വിനീതയ്ക്കും കിട്ടി വസ്ത്രം. പക്ഷേ ഗുണനിലവാരം തീരെയില്ല. ഗൂഗിളില്‍ ബുക്ക് ചെയ്ത് കിട്ടാത്തവരെല്ലാം കൂട്ടത്തോടെ റിവ്യൂ എഴുതിത്തുടങ്ങിയതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. നിരവധി പേരെ പറ്റിച്ചെന്നും വലിയ തട്ടിപ്പാണെന്നും റിവ്യൂ എഴുതിയവരില്‍ 95 ശതമാനം പേരും പറഞ്ഞുവെക്കുന്നു.