ഇടുക്കി: ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്നു വര്‍ഷത്തിന് ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തമിഴ്നാട് തുറക്കുന്നത്. അണക്കെട്ടിന്റെ 3, 4 എന്നീ രണ്ടു ഷട്ടറുകളാണ് തുറന്നത്. 35 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 534 ഘനയടി വെള്ളമാണ് തുറന്നുവിടുക.
ഇന്ന് രാവിലെ ഏഴുമണിക്ക് ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ വൈകിയതിനെ തുടര്‍ന്ന് ഏഴരയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
വള്ളക്കടവില്‍ 20 മിനുട്ടിനകവും രണ്ടു മണിക്കൂറിനകം ഇടുക്കി ഡാമിലും വെള്ളമെത്തും. ജലനിരപ്പ് 0.25 അടി ഉയരും. അണക്കെട്ട് തുറക്കുന്നത് പരിഗണിച്ച് പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.