തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും, പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണ്. പുതിയ ഡാം വേണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സംസ്ഥാനത്ത് സജീവമായി ഉയരുന്നതിനിടെയാണ്, ഗവര്‍ണര്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.55 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്നാട് സര്‍ക്കാരിന് കത്തു നല്കി. തമിഴ്നാട് പൊതുമരാമത്തു വകുപ്പിനാണ് കത്തു നല്‍കിയത്.