ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍. കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ തേവര്‍കുടിയില്‍ അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. 2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ കുഴിയില്‍ മൂടി എന്നാണു കേസ്.
മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്റെ താളിയോലകള്‍ സ്വന്തമാക്കാനായിരുന്നു പ്രതികളുടെ നീക്കം. മന്ത്രവാദശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിന്റെയും ആദ്യ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണം മോഷ്ടിക്കുന്നതിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു കുറ്റപത്രം.
അനീഷിനെ കൂടാതെ തൊടുപുഴ സ്വദേശി ലിബീഷ് ബാബു, ശ്യാംപ്രസാദ്, മൂവാറ്റുപുഴ സ്വദേശി സനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ രണ്ട് വര്‍ഷം മുന്നേ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഒരാഴ്ച്ചയായിട്ടും അനീഷിനെ വീടിന് പുറത്ത് കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.