അങ്ങാടിപ്പുറം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്ക് പലപ്പോഴും പണി കിട്ടിയ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയയാളെ കൈയ്യോടെ പിടികൂടി തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം രാത്രിയാണ് അങ്ങാടിപ്പുറം മേല്‍പാലത്തിനു താഴെ മാലിന്യ ചാക്കുകള്‍ തള്ളിയത്. മാലിന്യം ഇടുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറി സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡിന് താഴെയായിരുന്നു ചാക്കുകള്‍. വാര്‍ഡ് അംഗം കെ.ടി.നാരായണന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ മാലിന്യച്ചാക്കുകള്‍ അഴിച്ച് പരിശോധിച്ചപ്പോള്‍ അത് എവിടെ നിന്നെത്തിച്ചതാണെന്ന സൂചനകള്‍ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാലിന്യം ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. പഞ്ചായത്തംഗം പൊലീസില്‍ പരാതിയും നല്കി. സംഭവം പുറത്തറിഞ്ഞതോടെ ക്ഷമാപണം നടത്തി മാലിന്യം തങ്ങള്‍ തന്നെ നീക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവര്‍ തന്നെ മാലിന്യം തിരിച്ചെടുത്ത് ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടിലേക്ക് കൊണ്ടു പോയി. ജൈവ മാലിന്യങ്ങള്‍ പറമ്പില്‍ കുഴിച്ചിട്ടു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കഴുകി ചാക്കിലാക്കി വച്ചു. ഇത് ഹരിത കര്‍മ സേനയ്ക്ക് കൈമാറും. 2000 രൂപ പിഴയും ചുമത്തി.
കീഴാറ്റൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയും തൂത സ്വദേശിയും ചേര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1500 രൂപ കൂലിയും വാഹന വാടകയും വാങ്ങി മാലിന്യം കൊണ്ടു പോയതെന്ന് ക്വാര്‍ട്ടേഴ്സ് ഉടമ പറഞ്ഞു. മാലിന്യം നിറച്ച 4 ചാക്കുകള്‍ മേല്‍പാലത്തിനു താഴെയും മൂന്നെണ്ണം പെരിന്തല്‍മണ്ണയിലും തള്ളിയതായി ഇവര്‍ സമ്മതിച്ചു.