കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തില്‍ സംഭവിച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ദുരന്തവാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്ക്കുമ്പോള് ഉരുള്പൊട്ടല്മേഖലയില് നിന്നു അദ്ഭുതകരമായി രക്ഷപെട്ട ഒരു കൂട്ടം ബൈക്ക് റൈഡര്‍മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഇടുക്കിയിലേക്കായിരുന്നു ഇവരുടെ ബൈക്ക് യാത്ര. കൂട്ടിക്കലിലും കോക്കയാറിലും ഉരുപൊട്ടലുണ്ടായ 16-ാം തീയതി യാത്ര തിരിച്ച ഒരുകൂട്ടം റൈഡര്‍മാര്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അദ്ഭുതകരമായാണ് തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുടെ ‘സഞ്ചാരി’ എന്ന യൂട്യൂബ് ചാനലാണ് ഇവരുടെ സാഹസിക യാത്രയുടെയും രക്ഷപെടലിന്റെയും കഥ വീഡിയോയിലൂടെ പുറത്തുകൊണ്ടുവന്നത്.
നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാകുകയും ചെയതു. അന്നേ ദിവസം തെളിഞ്ഞ കാലാവസ്ഥയായതിനാലാണ് ഒരു മാസമായി പദ്ധതിയിട്ട യാത്രയ്ക്കു തയാറായതെന്നും എന്നാല്‍ പിന്നീട് മഴ പ്രതീക്ഷിക്കാതെ ശക്തമാകുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയുമായിരുന്നെന്നു വീഡിയോയ്ക്കു താഴെ റൈഡര്‍മാര്‍ കുറിച്ചിട്ടുണ്ട്.
തങ്ങളുടെ മനസാന്നിദ്ധ്യം കൊണ്ടും പരിചയസമ്പത്തുകൊണ്ടുമാണ് ആപത്തുകൂടാതെ തിരിച്ചെത്താനായതെന്നും ഈ സമയത്ത് എല്ലാവരും സുരക്ഷ ഉറപ്പാക്കി മാത്രമേ യാത്ര ചെയ്യാവൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.