കോട്ടയം: വെള്ളക്കെട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് ഓടിച്ചിറക്കിയ ഡ്രൈവര്‍ക്ക് സസ്പെന്ഷന്. കോട്ടയം പൂഞ്ഞാറിലാണ് സംഭവം. വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് നടപടി.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് വിവരം ശ്രദ്ധയില്‍പ്പെട്ടയുടനെ അടിയന്തരമായി നടപടിയെടുത്തത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം രാത്രിയോടെ സസ്പെന്ഷന് ഓര്‍ഡര്‍ പുറത്തിറക്കി.
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. ഒരാള്‍പ്പൊക്കത്തോളം ആഴത്തില്‍ ബസ് മുങ്ങിപ്പോയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്.
ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെത്തിച്ചത്.