കോട്ടയം: കേരളത്തില്‍ പെരുമഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത. ദുരന്തനിവാരണത്തിന് കരസേനയെ വിന്യസിച്ചു.
എല്ലാ വകുപ്പുമേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പല പ്രദേശങ്ങളിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തിലായി. കടകളില്‍ വെള്ളം കയറി. ഗതാഗത തടസ്സവും രൂക്ഷം. കൊക്കയാറില്‍ ഒഴുക്കില്‍പെട്ട് സ്ത്രീ മരിച്ചു.
കൊക്കയാര്‍ സ്വദേശി ആന്‍സിയാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയില്‍ ഒഴുക്കില്‍പെട്ടാണ് മരിച്ചത്. കൊക്കയാറില്‍ വെള്ളം പൊങ്ങിയപ്പോള്‍ ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വീണ്ടും വീട്ടില്‍നിന്നു സാധനങ്ങള്‍ എടുക്കാന്‍ പോയപ്പോഴാണ് ഒഴുക്കില്‍പെട്ടത്.
അതേസമയം, ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്കി. പമ്പയില്‍ കുളിക്കുന്നതിന് വിലക്കേര്‍പെടുത്തി. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.