ഭാവിയില്‍ ആരാവണമെന്ന് ചോദിച്ചാല്‍ അഭിമന്യുവിന് ഒറ്റ ഉത്തരമേയുള്ളൂ, പാമ്പുകളെ പേടിയില്ലാത്ത വാവ സുരേഷിനെ പോലെ ആവണമെന്ന്. കാരണം പാമ്പുകടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ക്കൊടുവിലാണ് അഭിമന്യു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒരു നാട് മുഴുവന്‍ അഭിമന്യുവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു.
6 വര്‍ഷം മുന്‍പാണ് സംഭവം. കോട്ടയം അയ്മനം പുലിക്കുട്ടിശേരി പാറേക്കണ്ടം ബിബിന്‍ കുമാറിന്റെയും ആതിരയുടെയും മകനായ അഭിമന്യുവിനെ 6 മാസം പ്രായമുള്ളപ്പോഴാണ് പാമ്പ് കടിച്ചത്. .തുറന്നിട്ട വാതിലിനു സമീപം നിലത്തിരുന്ന അഭിമന്യുവിന് പാലു കൊടുക്കുകയായിരുന്നു അമ്മ.
ഈ സമയത്താണ് അഭിമന്യുവിനെ പാമ്പു കടിച്ചത്. കുഞ്ഞിന്റെ കരച്ചില് കേട്ട് നോക്കിയപ്പോള്‍ ഇഴഞ്ഞു പോകുന്ന പാമ്പിനെ കണ്ടു. കുഞ്ഞിന്റെ കാലില്‍ കടിച്ച പാടുമുണ്ട്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം നീലിച്ച് ഹൃദയമിടപ്പു നിലച്ചു.
കുട്ടികളുടെ ആശുപത്രിയില്‍ 7 ദിവസം ജീവനും മരണത്തിനും ഇടയില്‍ അഭിമന്യു കഴിഞ്ഞു. ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ‘ഇന്ന് ടിവിയില്‍ സൂരജിന്റെ ശിക്ഷ അറിഞ്ഞപ്പോള്‍ എന്റെ കുഞ്ഞുമായുള്ള ഓട്ടം ഓര്‍ത്തു. ആഹാരം പോലും കഴിക്കാന്‍ കഴിഞ്ഞില്ല. പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത് അറിയാതെ മനസ്സില്‍ തെളിഞ്ഞു വന്നു. ഒരു നാട് മുഴുവന്‍ 7 ദിവസം ഉണര്‍ന്നിരുന്നു പ്രാര്ഥിച്ചതിന്റെ ഫലമാണ് എനിക്കു കുഞ്ഞിനെ തിരികെ കിട്ടിയത്- ആതിര പറഞ്ഞു.
3 വയസ്സായപ്പോള്‍ മകനോട് ഈ കഥ ആതിര പറഞ്ഞു. അതോടെ അഭിമന്യുവിന് പാമ്പിനെ ഇഷ്ടമായി. എന്നും പാമ്പിന്റെ കഥകള്‍ അറിയാനാണ് താല്പര്യം. യൂട്യൂബില്‍ കാണുന്നതും പാമ്പിന്റെ വിഡിയോകള്‍. പാമ്പുകളുടെ പേരും പ്രത്യേകതകളും അഭിമന്യു മനസ്സിലാക്കി തുടങ്ങി. ഇന്ന് പാമ്പുകളെ കൗതുകത്തോടെയാണ് അഭിമന്യു കാണുന്നത്.