തിരുവനന്തപുരം: നൊന്തുപെറ്റ കുഞ്ഞിനെ തിരികെ കിട്ടാനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ് ഒരമ്മ. സംരക്ഷിക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ തന്റെ രക്ഷിതാക്കള്‍ എടുത്തുകൊണ്ടുപോയതാണെന്നും ഇപ്പോള്‍ കുഞ്ഞ് എവിടെയാണ് എന്ന് അറിയില്ലെന്നും 22 കാരി അനുപമ പറയുന്നു.
പേരൂര്‍ക്കട സ്വദേശി ജയചന്ദ്രന്റെ മകളാണ് അനുപമ. അനുപമയും അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. ഇതിനിടയില്‍ അനുപമ ഗര#്ഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്കി. ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്കി. പലതവണ നേരിട്ട് പോയി.
കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും എല്ലാം പരാതി നല്കി. പ്രസവിച്ച് ഒരുവര്‍ഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല..
കുട്ടിയെ അനുപമയുടെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനില്‍ നിന്നറിഞ്ഞത്. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന് ജയചന്ദ്രന്റെ വിശദീകരണം.