മാങ്കുളം: ഗൃഹനാഥനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മാങ്കുളം സ്വദേശി റോയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് സാധനങ്ങളും വാങ്ങി മടങ്ങിയ റോയിയെ റോഡില്‍ ചോരവാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.
നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മകളെ ജോലി സ്ഥലത്തേക്ക് വിടുന്നതിന് വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു റോയി. വീടിന് സമീപത്തെ കടയില്‍ നിന്ന് സാധനങ്ങളും മലഞ്ചരക്ക് കടയില്‍ നിന്ന് പണവും വാങ്ങി സന്ധ്യയ്ക്ക് ഏഴുമണിയോടെ റോയി മടങ്ങുന്നത് കണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് കരുതുന്നത്. വ്യാജ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നിലേറെപ്പേര്‍ റോയിയെ ആക്രമിക്കാന്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബിബിനും സുഹൃത്തുക്കളും ചേര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ എത്തിച്ചത്. കലുങ്കില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റെന്നാണ് ഇവര്‍ ആശുപത്രിയില്‍ അറിയിച്ചതും. എന്നാല്‍ അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ബിബിനും സംഘവും ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ശേവലുകുടി വനമേഖലയില്‍ നിന്നാണ് ബിബിനെ പിടികൂടിയത്.