തിരുവനന്തപുരം: ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നതിന് മൂന്നാം ക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരുവര്‍ഷം കഠിനതടവ് ശിക്ഷ. പോക്സോ കോടതി ജഡ്ജി കെവി രജനീഷിന്റേതാണ് ഉത്തരവ്.
ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണമെന്നും പോക്സോ കോടതി വിധിച്ചു.
2005 ജനുവരി 18 നായിരുന്നു സംഭവം. മലയിന്‍കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയായ സംഭവത്തില്‍ ശിക്ഷിച്ചത്. മറ്റു കുട്ടികളുമായി ക്ലാസില്‍ സംസാരിക്കുന്നത് കണ്ട് വലിച്ചെറിഞ്ഞ ബോള്‍പേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണില്‍ തുളച്ചുകയറുകയായിരുന്നു.
കുട്ടിയുടെ കാഴ്ച പൂര്‍ണമായും നഷ്ടമായി. മൂന്നു ശസ്ത്രക്രിയകള്‍ക്ക് കുട്ടിയെ വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. കാഴ്ച തിരിച്ചുകിട്ടിയില്ല. തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയെ അന്ന് ആറുമാസം സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും ആ സ്കൂളില്‍ത്തന്നെ തിരികെ നിയമിച്ചു. ഒരുവര്‍ഷം കഠിനതടവാണ് അധ്യാപികയ്ക്ക് ഇപ്പോള്‍ പോക്സോ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.