തൃപ്പൂണിത്തുറ: പാര്‍ക്ക് ചെയ്യാനുള്ള പറമ്പാണെന്ന് കരുതി മുന്നോട്ടെടുത്ത കാര്‍ വീണത് കുളത്തില്‍. തൃപ്പൂണിത്തുറയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നഗരസഭയുടെ പുതിയ എജി രാഘവ മേനോന് മന്ദിരത്തോട് ചേര്‍ന്നുള്ള ആഴമേറിയ ‘പോളക്കുള’ത്തിലേക്കാണ് രണ്ട് യാത്രികരെയും കൊണ്ട് കാര്‍ വീണത്.
കടവന്ത്ര ഓര്‍ക്കിഡ് പാരഡൈസ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന വേണുഗോപാല്‍ (56), തിരുവാങ്കുളം സോണാട്ട് ബിനോയ് (54) എന്നിവരാണ് കാറിനൊപ്പം കുളത്തില്‍ വീണത്. കാറിന്റെ ഡിക്കി ഭാഗം തുറക്കാന്‍ സാധിച്ചതുകൊണ്ട് വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
സ്റ്റാച്യുവിനു സമീപത്താണ് സംഭവം. ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ലോക്കോ പൈലറ്റുമാരായ ഇരുവരേയും കരയ്ക്ക് കയറ്റിയത്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വേണുഗോപാലാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ നേരെ പാര്‍ക്ക് ചെയ്യുന്നതിനിടെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
വെള്ളത്തിലേക്ക് താഴ്ന്ന കാറിന്റെ ഡിക്കി ഡോറിന്റെ കുറച്ചു ഭാഗം മാത്രമേ പുറമേ കാണാനുണ്ടായിരുന്നുള്ളൂ. തൃപ്പൂണിത്തുറ നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികില്‍ സംരക്ഷണ ഭിത്തിയോ, മറ്റ് സുരക്ഷാ കാര്യങ്ങളോ ഇല്ലാത്തതിനാല്‍ പരിചയമില്ലാത്തവര്‍ക്ക് പായല്‍ നിറഞ്ഞു കിടക്കുന്ന കുളം പറമ്പാണെന്നേ തോന്നുകയുള്ളൂ. ഇതാണ് അപകടത്തിനിടയാക്കിയത്.
ഈ സമയം ഇവിടെ തെരുവ് വിളക്ക് തെളിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇവിടെ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുളമാണെന്നറിയാതെ കാര്‍ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമെന്ന് വേണുഗോപാല്‍ പറഞ്ഞു. കുളത്തില്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്നുണ്ട്. കാറിലിരുന്ന് നോക്കിയപ്പോള്‍ പറമ്പ് പോലെയാണ് തോന്നിയതെന്നും വേണുഗോപാല്‍ പറഞ്ഞു. കാറിനൊപ്പം മുങ്ങിയതോടെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാഗ്യത്തിന് ഡിക്കി ഭാഗം തുറക്കാനായി. ആളുകളും ഓടിക്കൂടി. അതാണ് രക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.