തിരുവനന്തപുരം: ഇനി കാറോടിക്കുമ്പോഴും ഹെല്‍മെറ്റ് വയ്ക്കണോ എന്ന് ചോദിച്ച് അന്തം വിട്ട് നില്‍ക്കുകയാണ് വെമ്പായം സ്വദേശിയായ രജനി കാന്ത്. കാരണം പിന്‍സീറ്റില്‍ ഇരുന്ന വ്യക്തി ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് കാര്‍ ഉടമയായ രജനി കാന്തിന് പിഴ ചുമത്തിയിരിക്കുകയാണ് പോലീസ്.
കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന ആള് ഹെല്‍മറ്റ് ധരിക്കാതിരുന്നതിന് 500 രൂപയാണ് രജനികാന്തിന് പൊലീസ് ഫൈന്‍ അടിച്ചത്. ഹെല്‍മെറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി വാഹനമോടിച്ചതായി കണ്ട്രോള് റൂമില്‍ വാട്സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാല്‍ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടാണ് രജികാന്തിന് പൊലീസ് നോട്ടീസ് ലഭിച്ചത്.
കെഎല്‍21 എല്‍ 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചത്. ഈ മാസം എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡില്‍ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഹെല്‍മെറ്റ് ധരിച്ചില്ല എന്ന കാരണത്തിനൊപ്പം കാറിന്റെ നമ്പറാണ് ചേര്‍ത്തിരിക്കുന്നത്.
നോട്ടീസില്‍ പറയുന്ന സമയം ഇയാള്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്. കണ്ട്രോള് റൂമില്‍ രജനീകാന്ത് പരാതി അറിയിച്ചപ്പോള്‍ ‘ഡിജിറ്റല്‍ നമ്പര്‍ മാറിപ്പോയതാണ്’ എന്നായിരുന്നു മറുപടി. ഒടുവില്‍ പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറയുന്നു. സംഭവം എന്തായാലും രജനി കാന്തിനെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്.