കൊല്ലം: കുണ്ടറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെയാളും മരിച്ചു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന് സുനില്‍ ജെറോമിന്റെ ഏക മകന് അക്ഷയ് സുനില്‍(18)ആണ് മരിച്ചത്.
ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന് എല്‍സാവി(19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാറില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്.
കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന് മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. പ്ളസ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്സിംങ് കോഴ്സിന് ചേരാനായി ചൊവ്വാഴ്ച ബാംഗ്ളൂരിലേക്ക് പോകാനിരിക്കയായിരുന്നു അപകടത്തില്‍പ്പെട്ടത്. കോട്ടപ്പുറം പ്രേം നിവാസില്‍ പ്രീതിയാണ് മാതാവ്.
സമീപത്തെ കടയിലെ സിസിടിവിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ ഹാന്‍ഡില്‍ സ്ത്രീയുടെ കൈയില്‍ തട്ടി കാറിലേക്ക് ഇടിച്ചുകയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. വളവുള്ള ഈ ഭാഗം അപകടസാധ്യതാ മേഖലയാണ്.