തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ അപകടം. യുവാവിന്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയത്. നേരെ പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്കില്‍ അമിത വേഗതയില്‍ ഓടിച്ചു വന്ന ഉണ്ണികൃഷ്ണന് അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയും രണ്ട് വണ്ടികള്ക്കിടയില്പ്പെട്ട ഇയാളുടെ കാല് ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു.
ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ പെരുമാറുകയും ചെയ്തു. ശേഷം, ഇയാളുടെ കൂട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോവുകയായിരുന്നു. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്നുള്ള റോഡില്‍ റേസിംഗ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ കുറച്ചു കാലമായി നെയ്യാര്‍ ഡാം കേന്ദ്രീകരിച്ച് യുവാക്കള്‍ ബൈക്ക് റൈസിംഗ് നടത്തുന്നത് പതിവ് കാഴ്ചയാവുകയാണ്. അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയായിരുന്നു.