കലവൂര്‍: ഒരുമിച്ചു കളിച്ചു വളര്‍ന്ന സഹോദരങ്ങള്‍ക്ക് ഒടുവില്‍ ഒരുമിച്ച് മടക്കം. ഓമനപ്പുഴ ഓടപ്പൊഴിയില്‍ മുങ്ങിമരിച്ച അഭിജിത്തിനും അനഘയ്ക്കും സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയിലെ ഒരേ കുഴിയില്‍ അന്ത്യവിശ്രമമൊരുക്കി. പൊന്നോമനകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില് കാഴ്ചക്കാരെ ഒന്നടങ്കം വേദനയിലാഴ്ത്തി.
പൊന്നുമക്കളുടെ ജീവനറ്റ ശരീരം സെമിത്തേരിയിലേയ്ക്ക് എടുക്കുമ്പോള്‍ അലമുറയിട്ട മേരി ഷൈനിയുടെ കരച്ചില് കൂടി നിന്നവരുടെ കണ്ണുകളെ നനയിച്ചു. സഹോദരങ്ങളായ പത്തുവയസ്സുകാരന് അഭിജിത്തും ഒന്‍പതുകാരി അനഘയും ഓമനപ്പുഴ ഓടപ്പൊഴിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് മുങ്ങിമരിച്ചത്.
പൊഴിയുടെ തിട്ടയിടിഞ്ഞു വെള്ളത്തിലേയ്ക്കു വീണ അനഘയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തും മുങ്ങിമരിച്ചത്. സഹോദരങ്ങളുടെ മരമം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. ചൊവ്വാഴ്ചരാവിലെ 8.20-ന് നാലുതൈക്കല്‍ വീട്ടുമുറ്റത്ത് വെള്ളയും റോസും പൂക്കള്‍കൊണ്ടലങ്കരിച്ച രണ്ടു പെട്ടികളിലായി സഹോദരങ്ങളെ കിടത്തി.
നാട്ടിലെ പ്രിയപ്പെട്ട പൊന്നോമനകളെ അവസാനമായി ഒരു നോക്കു കാണാന്‍ നിരവധി പേര് വീട്ടിലേയ്ക്ക് ഒഴുകി എത്തി. സഹോദരങ്ങള്‍ പഠിച്ചിരുന്ന ചെട്ടികാട് എസ്.സി.എം.വി. യു.പി.സ്കൂളില്‍ രാവിലെ ഏഴരയോടെ പൊതുദര്‍ശനത്തിനു വെച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപ്പേര്‍ ഇവിടെയുമെത്തി. കുവൈത്തില്‍ ജോലിചെയ്തിരുന്ന അമ്മ മേരി ഷൈനി ചില സാങ്കേതികതടസ്സങ്ങളില്‍ കുടുങ്ങി എത്താന്വൈകിയതാണ് സംസ്കാരം നീണ്ടുപോകാനിടയാക്കിയത്.